"Brahmaputra" - River Beyond Borders.

Sayanth P K
Assamese: লুইত luit, ব্ৰহ্মপুত্ৰ নৈ Brohmoputro noi, Brohmoputro
Chinese: 布拉马普特拉河 , pinyin: Bùlāmǎpǔtèlā
Tibetan: ཡར་ཀླུངས་གཙང་པོ་,
ബ്രഹ്മപുത്ര . മനുഷ്യനു സ്വന്തമല്ലാത്ത സ്വാതന്ത്ര്യത്തോടെ രാജ്യാതിർത്തികൾ കടന്ന് നിർഭയം ഒഴുകുന്ന നദി. രാഷ്ട്രീയ അതിർത്തികൾക്കും അതിന്റെ പൗരന്മാർക്കും അവകാശം പറയാനാകാത്ത ജലം. 2019 ഡിസംബർ മാസത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപ് എന്ന് പ്രസിദ്ധമായ ബ്രഹ്മപുത്രാനദിയിൽ സ്ഥിതി ചെയ്യുന്ന അസമിലെ മാജുലി ദ്വീപിലേക്ക് യാത്ര ചെയ്യാനിടയായത് . ആ യാത്രക്കിടയിൽ ഞാൻ കണ്ട നദിയും നദിയോട് ചേർന്നുള്ള ജീവിതങ്ങളുമാണ് ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രങ്ങൾ.
തിബറ്റ്, ഇന്ത്യ, ബംഗ്ളാദേശ് എന്നിങ്ങനെ മൂന്നു രാജ്യങ്ങളിലൂടെ , അതിൽത്തന്നെ വിവിധസംസ്കാരങ്ങളിലൂടെയാണ് ബ്രഹ്മപുത്രയുടെ ഒഴുക്ക്. മനുഷ്യൻ എങ്ങനെയാണ് തന്റെ ചുറ്റുപാടിനോട് പാരസ്പര്യം സൂക്ഷിക്കുന്നതെന്ന് ബ്രഹ്മപുത്രയുടെ തീരത്തു ജീവിക്കുന്ന മനുഷ്യരിൽ നിന്ന് , ഈ ദ്വീപുകാരുടെ ജീവിതങ്ങളിൽ നിന്ന് പഠിക്കാം. കാലാവസ്ഥാവ്യതിയാനം പ്രത്യക്ഷമായും ബാധിച്ചിട്ടുള്ള ഈ നദി തുടർച്ചയായ പ്രളയങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. എന്നാൽ നദിയുടെ ഈ മാറ്റങ്ങളോട് തങ്ങളുടെ ജീവിതം കൊണ്ട് പ്രതിരോധം തീർക്കുകയാണ് ഇവിടത്തുകാർ. പ്രകൃതിയോട് ഇണങ്ങിയും അതിനനുസരിച്ച് ജീവിതം രൂപപ്പെടുത്തിയും ഉള്ള ഈ സഹജീവനം വലിയ പ്രതീക്ഷയാണ് നൽകുന്നത്. അത്തരം ചില കാഴ്ചകളെ പകർത്തിവെക്കുക മാത്രമാണ് ഞാൻ ചെയ്തിട്ടുള്ളത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ നദീദ്വീപ് ആണ് മാജുലി. അസമിൽ ബ്രഹ്മപുത്രാ നദിയിൽ സ്ഥിതി ചെയ്യുന്ന ഈ നദീദ്വീപിനെ 2016-ൽ അസം സർക്കാർ ജില്ലയായി പ്രഖ്യാപിച്ചു.
‘മാജുലി’ എന്നാൽ അസം ഭാഷയിൽ രണ്ടു സമാന്തരതീരങ്ങളുടെ മധ്യേയുള്ള പ്രദേശം’ എന്നർത്ഥം.
അസമിലെ ജോർഘട്ട് എന്ന ടൗണിൽ നിന്നും ഫെറിയുപയോഗിച്ച് ബ്രഹ്മപുത്രാനദി കടന്നുവേണം മാജുലിയിലെത്താൻ.
ഇന്ത്യയിലും ബംഗ്ലാദേശിലും കാർഷികജലസേചനത്തിനും മത്സ്യബന്ധനത്തിനും ബ്രഹ്മപുത്രയെ വലിയതോതിൽ ആശ്രയിക്കുന്നുണ്ട്. ബ്രഹ്മപുത്ര കരകവിഞ്ഞൊഴുകുമ്പോഴുള്ള നാശവും ചെറുതല്ല. എന്നാലും തുടർച്ചയായുള്ള പ്രകൃതി ദുരന്തങ്ങളിൽ നിന്നുള്ള പാഠം ഉൾക്കൊണ്ട് ഇതിനെ തരണം ചെയ്യും വിധത്തിലുള്ള നിർമിതി കളിലൂടെയും മറ്റും പ്രതിരോധം തീർക്കുകയാണ് ഇവിടത്തെ ജനത..
കൂടാതെ അസമിൽ ഉൾനാടൻ ഗതാഗതത്തിന്ന് ഈ നദി വളരെയേറെ സാദ്ധ്യതകൾ തുറന്നിടുന്നുണ്ട്.
ബ്രഹ്മപുത്ര നദിയുടെ തീരങ്ങളിൽ വസിയ്ക്കുന്നവർ വൈവിദ്ധ്യമേറിയ സാംസ്കാരികപൈതൃകം ഉള്ളവരാണ്.
അത്തരത്തിൽ ഒന്നാണ് മാജുളിയിലെ
വൈഷ്ണവരുമായുള്ള ബന്ധം .16-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശങ്കർദേവ എന്ന സാമൂഹിക പരിഷ്കർത്താവ് ഈ ദ്വീപിൽ സത്രങ്ങൾ നിർമിച്ചു. അതിനുപിന്നാലെ ദ്വീപ് വൈഷ്ണവരുടെ പ്രധാന തീർത്ഥാടനകേന്ദ്രമായി മാറി.
ദ്വീപിലെ മുഖം മൂടി നിർമാതാക്കളും വളരെ പ്രസിദ്ധമാണ്. കളിമണ്ണിൽ പുരാണ കഥാപാത്രങ്ങലുടെ മുഖം മൂടികൾ നിർമിക്കുന്നവരാണ് ഇവർ.
Click on the image to open in full screen
























