top of page
Search

Two; രണ്ട് ലോകത്തിന്റെ ദൃശ്യാവിഷ്ക്കാരം

സിജു സമീ, നിധീഷ് മുതുകാട്, ജാക്സൺ, ആതിര ദാസ്, വൈശാഖ് കൃഷ്ണൻ, അംജദ് പി.എം., സൂരജ് ശശി


(ലേഖകർ ന്യൂവേവ് ഫിലിം സ്‌കൂൾ വിദ്യാർഥികൾ ആണ്)

സിജു സമീ


സത്യജിത്ത് റേ എന്ന അതുല്യനായ കലാകാരന്റെ പ്രതിഭയുടെ കൈയൊപ്പ് പതിഞ്ഞ ചിത്രമാണ് ടു. ഒരു സംഭാഷണം പോലുമില്ലാതെ ദൃശ്യങ്ങളിലൂടെയും പശ്ചാത്തല സംഗീതത്തിലൂടെയുമാണ് റേ ചിത്രം ഒരുക്കിയിരിക്കുന്നത്. വാക്കുകൾക്ക് അപ്പുറം ദൃശ്യങ്ങൾ എല്ലാ അർത്ഥത്തിലും പ്രേക്ഷകനോട് സംസാരിക്കുന്നു എന്നതാണ് ടു എന്ന ചിത്രത്തിന്റെ പ്രധാന സവിശേഷത. 12 മിനിറ്റിനുള്ളിലാണ് റേ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. പക്ഷെ സമയ ദൈർഘ്യത്തെക്കുറിച്ച് പോലും ചിന്തിപ്പിക്കാതെ കഥയുടെ ഉള്ളിൽ പ്രേക്ഷകനെ കുരുക്കിയിടാൻ റേയ്ക്ക് കഴിയുന്നു.

രാത്രി - പകൽ, ഭൂമി -ആകാശം, ഇരുട്ട് - വെളിച്ചം, പണ്ഡിതൻ - പാമരൻ , യുദ്ധം - സമാധാനം ഇത്തരത്തിൽ ആയിരക്കണക്കിന് വിപരീതങ്ങൾ അല്ലങ്കിൽ ദ്വന്ത്വങ്ങൾ നമുക്ക് മുന്നിലുണ്ട്. ജീവിതത്തിലെ ഈ വിപരീതങ്ങളെ ദൃശ്യവൽക്കരിക്കുകയാണ് സത്യജിത്ത് റേ ടു എന്ന ചിത്രത്തിലൂടെ . ചിത്രത്തിലെ രണ്ട് കുട്ടികൾ നമുക്ക് മുന്നിലുള്ള സമൂഹത്തിലെ രണ്ട് ദ്വന്ത്വങ്ങളാണ്. ഒരാൾ പാവപ്പെട്ടവനാണങ്കിൽ മറ്റൊരാൾ പണക്കാരൻ . ഒരാൾ കറുത്തവൻ മറ്റൊരാൾ വെളുത്തവൻ. ഒരാൾ വലിയ വീട്ടിലാണങ്കിൽ മറ്റൊരാൾ പുറംപോക്കിലാണ് താമസം. ഇതിൽ ധനികനായ കുട്ടിയുടെ വീട്ടിൽ നിന്നുമാണ് റേ ചിത്രം തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും. ആ ധനികനായ കുട്ടിയുടെ വീട്ടിലെ ജനാലയിലൂടെയാണ് രണ്ടാമത്തെ കുട്ടിയെ ചിത്രത്തിൽ കാണിക്കുന്നത്.

വീട്ടിൽ വലിയൊരു ആഘോഷം കഴിഞ്ഞ് ഒറ്റക്കായി പോയ ധനികനായ കുട്ടിയിലൂടെയാണ് ചിത്രം തുടങ്ങുന്നത്. ബലൂണുകൾ പൊട്ടിച്ചും കളിപ്പാട്ടങ്ങൾ എടുത്തു കളിച്ചും അവൻ കഴിഞ്ഞു പോയ ആഘോഷത്തെ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. അപ്പോഴാണ് ജനാലയിലൂടെ പുറംപോക്കിൽ പുല്ലാംകുഴൽ വായിക്കുന്ന ഒരു കറുത്ത കുട്ടിയെ അവൻ കാണുന്നത്. കൂടുതൽ വിലയും ശബ്ദവുമുള്ള കളിപ്പാട്ടം കൊണ്ട് ധനികനായ കുട്ടി ജനാലയിലൂടെ അവനെ നിഷ്പ്രഭനാക്കുന്നു. പുറംപോക്കിലുള്ള കുട്ടി ചെണ്ടയും മുഖം മൂടിയും എല്ലാം കൊണ്ടുവരുന്നുണ്ടെങ്കിലും വലിയ വീട്ടിലെ കുട്ടിയുടെ കളിപ്പാട്ടങ്ങൾക്കു മുന്നിൽ അവൻ നിശബ്ദനാകുന്നു. ഒടുവിൽ അവന്റെ പട്ടം ധനികനായ കുട്ടി തോക്കു കൊണ്ട് വെടി വെച്ചിടുന്നതോടെ അവൻ കരച്ചിലിന്റെ വക്കിലെത്തുന്നുണ്ട്. ഇവിടെ ഒരാൾ മൽസരത്തെ സർഗാത്മകമായിട്ടാണ് നേരിടുന്നുണ്ടെങ്കിൽ മറ്റൊരാൾ അതിനെ നേർ എതിർ ദിശയിലാണ് കാണുന്നത്. തോൽപ്പിക്കുന്നതിൽ അവൻ ആനന്ദം കണ്ടെത്തുന്നു. തന്റെ ജനാലക്ക് പുറത്ത് ആകാശത്ത് ദരിദ്രനായ കുട്ടിയുടെ പട്ടം പറക്കുന്നത് അവന് സഹിക്കാനാകുന്നില്ല. പട്ടത്തിന് പകരം അവന്റെ കൈയിൽ തോക്കും കവണയുമല്ലാതെ ഒന്നുമില്ല.

രണ്ടു പേരും രണ്ട് ലോകത്ത് ഒറ്റക്കാണങ്കിലും രണ്ട് പേരും തമ്മിലുള്ള വെത്യാസം ഇവിടെ പ്രകടമാകുന്നു. ഒരാൾ വലിയ വീട്ടിൽ അടച്ചിട്ടിരിക്കുകയാണ്. അവന്റെ മനസും ലോകവുമാണ് അടച്ചിടപ്പെട്ടിരിക്കുന്നത്. അവൻ കളിപ്പാട്ടങ്ങളുടെയും കോളയുടേയും ലോകത്ത് യാന്ത്രികമായി ജീവിക്കുന്നു. മറ്റൊരാൾ ദരിദ്രനാണ്. പക്ഷെ അവൻ വിശാലമായ ലോകത്താണ് . പുല്ലാങ്കുഴൽ ഊതിയും ചെണ്ട കൊട്ടിയും തന്റെ ആകാശത്ത് അവൻ പാറി പറക്കുന്നു. ഇത്തരത്തിൽ രണ്ട് കുട്ടികളിലൂടെ രണ്ട് ലോകത്തേയും രണ്ട് മാനസീകാവസ്ഥയേയും രണ്ട് കാഴ്ചപ്പാടുകളേയും രണ്ട് ജീവിതത്തേയും വരച്ചിടുകയാണ് റേ "ടൂ " എന്ന ചിത്രത്തിലൂടെ.

ചിത്രത്തിൽ അഭിനയിച്ച രണ്ട് കുട്ടികളുടേയും പ്രകടനം ഉയർന്ന നിലവാരം പുലർത്തുന്നു. വീടിന്റെ ഉള്ളിലെ ചെറിയ ഭാഗത്ത് നിന്നും കഥ ക്കാവശ്യമായ മികച്ച ദൃശ്യങ്ങൾ കൊണ്ടുവരാനും ചിത്രത്തിനായി . സത്യജിത്ത് റേയുടെ പശ്‌ചാത്തല സംഗീതവും എടുത്ത് പറയേണ്ടതാണ്.

ദരിദ്രനായ കുട്ടിയെ എല്ലാ രീതിയിലും നേരിട്ടിട്ടും സന്തോഷം കണ്ടത്താനാകാതെ ഇരിക്കുന്ന ധനികനായ കുട്ടിയുടെ തകർന്ന ലോകത്തെ ആവിഷ്ക്കരിച്ചു കൊണ്ടാണ് ടൂ എന്ന ചിത്രം അവസാനിക്കുന്നത്. ദരിദ്രനായ കുട്ടിയുടെ പുല്ലാങ്കുഴൽ നാദം ജനാല വഴി അവനിലേക്ക് വീണ്ടുമെത്തുന്നുണ്ട്. പക്ഷെ ഇത്തവണയും അവന്റെ കൈയ്യിൽ പഴയ കളിപ്പാട്ടങ്ങളും മുഖം മൂടികളും അല്ലാതെ മറ്റൊന്നുമില്ല. ദരിദ്രനായ കുട്ടി വീണ്ടും അവന്റെ ലോകത്ത് ആനന്ദം കണ്ടെത്തിയിരിക്കുന്നു. കാലമെത്ര പോയാലും ലോകമെത്ര യാന്ത്രികമായാലും കലയും കലാകാരനും പുല്ലാങ്കുഴൽ നാദമായി മനുഷ്യ മനസുകളിലേക്ക് എന്നും ഒഴുകിയെത്തുമെന്ന് സത്യജിത്ത് റേ "ടൂ " എന്ന ചിത്രത്തിലൂടെ ഓർമിപ്പിക്കുന്നു.


നിധീഷ് മുതുകാട്


ദ്വന്ത്വം എന്ന ആശയത്തിലൂന്നി അറുപതുകളിലെ ലോകരാഷ്ട്രീയത്തിന്റെ ലളിതമായ സൂക്ഷ്മതയുള്ള ചലച്ചിത്രആവിഷ്ക്കാരം

എന്ന നിലയ്ക്ക്

സത്യജിത്റേയുടെ "രണ്ട് " എന്ന ചെറുസിനിമയെ അടയാളപ്പെടുത്തുവാൻ ഇഷ്ട്ടപെടുന്നു. സംഭാഷങ്ങണൾ ഇല്ലാതെയുള്ള ദൃശ്യപരിചരണമായിട്ടുപോലും സിനിമയുടെ സംവേദനാത്മക ഒരിടത്തും

നഷ്ട്ടപ്പെടുന്നില്ലാ എന്നത് പറയേണ്ട ഒരു സവിശേഷതയാണ്.

ആകാശത്തു പറക്കുന്ന കുഞ്ഞുപട്ടത്തിനെ കാഞ്ചിവലിച്ചു പൊട്ടിക്കുന്ന വെളുത്തകുഞ്ഞികൈകൾ

എന്ന പേടിപ്പെടുത്തുന്ന ഇമേജ് ആണ് സിനിമയിൽ നിന്ന് കൂടെയിറങ്ങി വന്നത്.

തനിക്കൊപ്പമെത്തുന്ന അയൽവീട്ടിലെ കുട്ടിയുടെ പട്ടത്തെ വെടിവെച്ച് ഇല്ലാതാക്കി താഴെവീഴ്ത്തിയ മുകളിലെ കുട്ടിയുടെ കളിരസങ്ങൾക്ക് വേണ്ടത്

കീ കൊടുത്താൽ കറങ്ങുന്ന അനുസരണയുള്ള കളിപ്പാട്ടങ്ങളെയാണ്. അത് തന്നെയാണ് മുതലാളിത്ത സമൂഹത്തിനും ഇഷ്ട്ടം.

തീപ്പെട്ടികൊള്ളി കൊണ്ട് ബലൂൺ പൊട്ടിക്കുന്ന ഒഴിവുനേരരസങ്ങളാണ് പല ചവിട്ടിത്താഴ്ത്തലുകളും എന്നത് ചരിത്രം പുനഃപരിശോധിക്കുമ്പോൾ നമുക്ക് മുന്നിലെ നേർകാഴ്ചകളാണ്.

കളി നിയമങ്ങളും റഫറിയും ഇല്ലാത്ത ലോകത്ത്

താഴെനിൽക്കുന്നവരുടെ ഓടക്കുഴൽ ശബ്ദങ്ങൾ ഇനിയും ഉയർന്നു പറക്കട്ടെ


ജാക്സൺ


‌തന്റെ വീട്ടിലെ ഒരു ആഘോഷദിനത്തിൽ ആഘോഷങ്ങൾക്കൊടുവിൽ വീട്ടിൽ തനിച്ചിരിക്കുന്ന ധനികനായ കുട്ടിയിൽ നിന്നുമാണ് കഥ ആരംഭിക്കുന്നത്. വിലകൂടിയ ഭക്ഷണവും കളിപ്പാട്ടങ്ങളുമുള്ള അവൻ എല്ലാം തികഞ്ഞവനെ പോലെ വിശ്രമിക്കുമ്പോഴാണ് വീടിന് പുറകിലെ കുടിലിൽ ഒരു ദരിദ്രനായ കുട്ടി അവന്റെ പുല്ലാങ്കുഴലും ഊതി നടക്കുന്നത് കാണുന്നത്. പിന്നീട് ധനികനായ കുട്ടി അവന്റെ ഓരോ കളിക്കോപ്പുകൾകൊണ്ടും ദരിദ്രനായ കുട്ടിയുടെ മുന്നിൽ ആളാവാൻ ശ്രമിക്കുകയാണ്. ഒടുവിൽ ആകാശത്തിൽ ഉയർന്നു പൊങ്ങിയ പട്ടത്തിനെ വെല്ലാൻ നാലു ചുവരുകൾക്കുള്ളിൽ നിന്ന ധനികനായ കുട്ടിയുടെ കളികൊപ്പുകൾക്കായില്ല. തന്നെക്കാൾ ഉയർന്നു പൊങ്ങിയ പട്ടത്തെ നശിപ്പിച്ചുകൊണ്ടാണ് അവൻ വിജയം കണ്ടെത്തുന്നത്. തന്റെ വിജയത്തിൽ ആനന്ദിച്ച് മടങ്ങിയ ധനികനായ കുട്ടി വീണ്ടും ആ പുല്ലാങ്കുഴലിന്റെ ശബ്ദം കേൾക്കുമ്പോൾ അവൻ അടുക്കി വെച്ച കളിപ്പാട്ടങ്ങൾ വീഴുന്നത് പോലെ അവന്റെ സന്തോഷവും ഇല്ലാതെ ആകുന്നു.

‌സന്തോഷമെന്നാൽ ധനത്തിലധിഷ്ഠിതമല്ല എന്ന ആശയമാണ് ഇൗ സിനിമ മുന്നോട്ട് വെക്കുന്നത്. മറ്റുള്ളവരുടെ സന്തോഷത്തേയും സ്വാതന്ത്ര്യത്തെയും നശിപ്പിച്ചുകൊണ്ട് സ്വന്തം സന്തോഷം കണ്ടെത്തുന്ന ഒരു കൂട്ടം മനുഷ്യരെയും സിനിമ പട്ടം നശിപ്പിച്ച കുട്ടിയിലൂടെ കാണിച്ചുതരുന്നു. ധനത്തിലധിഷ്ഠിതമായ സന്തോഷം, ധനികനായ കുട്ടിയുടെ ഒന്നിനുമേലേ ഒന്നായ് അടുക്കിവെച്ച കളിപ്പാട്ടം പോലെയാണ് എപ്പോൾ വേണമെങ്കിലും തകരാം എന്ന ആശയവും സിനിമ മുന്നോട്ട് വെക്കുന്നു. അതേപോലെ തന്നെ ധനം കൊണ്ട് നേടിയ സന്തോഷത്തേക്കാൾ ഒരുപാട് മുകളിലാണ് സംതൃപ്തി കൊണ്ട് നേടുന്ന സന്തോഷം, പട്ടം പോലെ.


വൈശാഖ് കൃഷ്ണൻ


ഒന്നുമില്ലായ്മയാണ് സ്വാതന്ത്ര്യം എന്ന് ഒറ്റവാക്കിൽ പറയാം. സത്യജിത് റായ് എന്ന പ്രഗത്ഭനായ സംവിധായകൻ അത് മികച്ച രീതിയിൽ ആവിഷ്കരിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ.

ഒരു വശത്ത് വലിയ കൊട്ടാര സദൃശമായ വീട്ടിൽ എല്ലാ സൗകര്യതത്തോടെയും വളരുന്ന കുട്ടിയും മറുവശത്ത് ദരിദ്രമായി വളരുന്ന കുട്ടിയും.

ആഘോഷം കഴിഞ്ഞ് കുട്ടിയെ വീട്ടിൽ ഒറ്റക്കാക്കി പോവുന്ന രക്ഷിതാക്കളിൽ നിന്നും ചിത്രം തുടങ്ങുന്നു.

ഏകന്ധതയുടെ വിരസത മാറ്റുവാൻ തീപ്പെട്ടി ഉരസിയും കളിക്കോപ്പുകൾ പ്രവർത്തിപ്പിച്ചും സമയം കളയുന്നതിനിടക്ക് പുറത്തുനിന്ന് പുല്ലാങ്കുഴലിന്റെ ശബ്ദം കേൾക്കുന്നു. തന്റെ കൈവശമുള്ള കളിപ്പാട്ടങ്ങളെ വെല്ലുവാൻ അവന്റെ കളിപ്പാട്ടങ്ങൾക്കാവില്ല എന്ന് ബോധിപ്പിക്കുവാനെന്നവണ്ണം അവന്റെ കൈവശമുള്ള ശബ്ദം വരുത്തുന്ന കളിപ്പാട്ടങ്ങളെ പ്രവർത്തിപ്പിക്കുകയും അടുത്ത തവണ ദാരിദ്രനായ കുട്ടി രൂപങ്ങൾ കെട്ടി കൊണ്ടുവരുമ്പോഴും കൂടുതൽ മറുരൂപങ്ങൾ കാണിക്കുകയും ചെയ്യുന്നു. അവസാനം ദാരിദ്രനായ കുട്ടി പട്ടം പറപ്പിക്കുമ്പോൾ തന്റെ കയ്യിൽ സ്വതന്ത്രമായി പറപ്പിക്കുവാൻ ഒന്നും ഇല്ലാ എന്നും അതിനു കഴിയുകയും ഇല്ലായെന്ന് മനസിലാകുന്നിടത്തുനിന്നും പട്ടത്തെ കവണ ഉപയോഗിച്ച് തകർക്കുവാൻ ശ്രമിക്കുകയും പിന്നീട് തോക്ക് വെച്ച് തകർത്തു കളയുകയും ചെയ്യുന്നു.

നിരാശയും സങ്കടവും നിറഞ്ഞ് ദരിദ്രനായ കുട്ടി കുടിലിലേക്ക് കയറിപോവുന്നുണ്ടെങ്കിലും സ്വാതന്ത്ര്യം വാങ്ങിക്കൂട്ടലല്ല അഴിച്ചുവിടലാണ് എന്ന് സമ്പന്നനായ കുട്ടിയുടെ മുഖത്തുനിന്നും നമ്മൾക്കു മനസിലാക്കുവാൻ സാധിക്കുന്നു.

സ്വാതന്ത്രവും സന്തോഷവും നാലുചുമരുകൾക്കുള്ളിലല്ല അവ പ്രകൃതിയിലും ചുറ്റുപാടുകളിലാണെന്നും അവസാനം വേണുനാദത്തിനൊപ്പം കാറ്റുവന്ന് അവന്റെ കളിക്കോപ്പുകളെ വീഴ്ത്തി സിനിമ അവസാനിപ്പിക്കുന്നിടത്തുനിന്ന് നമ്മൾക്ക് വായിച്ചെടുക്കുവാൻ കഴിയുന്നു.

അമേരിക്കയും വിയറ്റ്നാമും തമ്മിലുള്ള യുദ്ധത്തിനെതിരെയുള്ള ഒരു പ്രതിക്ഷേധം ആണ് ഈ സിനിമ എന്നു പറയുമ്പോഴും പലരീതിയിൽ ഈ സിനിമ വ്യാഖ്യാനിക്കാൻ കഴിയുന്നു.


ആതിര ദാസ്


ചിത്രം തുടങ്ങുമ്പോൾ മുകൾനിലയിൽ നിന്നും കാറിൽ പോകുന്നവർക്ക് കൈവീശി കാണിക്കുന്ന കുട്ടിയെയാണ് കാണുന്നത്. ശേഷം വീട്ടിനുള്ളിലെ ആവശ്യത്തിലും അധികമായ കളിപ്പാട്ടങ്ങൾക്കിടയിലും ഭക്ഷണത്തിലും അവൻ ഉല്ലസിക്കുന്നു. പിന്നീട് ജനലിലൂടെ ഓടക്കുഴലിന്റെ ശബ്ദം കേൾക്കുന്ന കുട്ടി തെരുവിൽ, ഒരു കുടിലിൽ താമസിക്കുന്ന കുട്ടിയെ കാണുന്നു. തന്റെ കയ്യിലുള്ള വില കൂടിയ കുഴലൂതി തെരുവിലെ കുട്ടിയുടെ ശ്രദ്ധയാകർഷിക്കുന്നു. പിന്നീട് ഇവർ തമ്മിൽ തങ്ങളുടെ കൈവശമുള്ള കളിപ്പാട്ടമൊക്കെയും പരസ്പരം മത്സരിച്ച് കാണിക്കുന്നു. തനിക്കുള്ള കളിപ്പാട്ടങ്ങളിൽ സംതൃപ്തനായ കുട്ടിയെ തന്റെ വിലകൂടിയ കളിപ്പാട്ടങ്ങൾ കാണിച്ച് നിരാശപ്പെടുത്തി സന്തോഷിക്കാൻ ആണ് സമ്പന്നനായ കുട്ടി ശ്രമിക്കുന്നത്. അതിൽ അവൻ വിജയിച്ചു എന്നും കരുതുന്നു. തന്റെ കളിപ്പാട്ടങ്ങൾ സ്വയം നശിപ്പിക്കുന്നത് കൂടാതെ തെരുവിലെ കുട്ടി സന്തോഷത്തോടെ പറത്തുന്ന പട്ടവും ഇൗ കുട്ടി പൊട്ടിച്ച് കളയുന്നു, അത്ര നേരവും ഒരു നിരാശയും പ്രകടമാക്കാത്ത തെരുവിലെ കുട്ടി തന്റെ പട്ടം പൊട്ടിയതിൽ മാത്രമാണ് വിഷമിക്കുന്നത്. തന്റെ ദൗത്യം പൂർണ്ണമായെന്ന സന്തോഷത്തിൽ സമ്പന്നനായ കുട്ടി കളിപ്പാട്ടങ്ങളുമായി ഉല്ലസിക്കുമ്പോൾ ഓടക്കുഴലിന്റെ ശബ്ദം വീണ്ടും കേൾക്കുന്നു. സമ്പന്നതയുടെ ചീട്ടു കൊട്ടാരം ആത്മവിശ്വാസത്തിനു മുമ്പിൽ പൊളിഞ്ഞു വീഴുന്നതാണ് ഒടുവിൽ ചിത്രീകരിച്ചിരിക്കുന്നത്. തന്റെ കളിപ്പാട്ടങ്ങളൊക്കെയും പൊളിഞ്ഞു വീഴുന്ന സമയത്ത് നിരാശനായി സമ്പന്നനായ കുട്ടിയും ഉള്ളത്കൊണ്ട് സംതൃപ്തനായി തെരുവിലെ കുട്ടിയുടെ ഓടക്കുഴൽ ശബ്ദം ജനലുകളിലൂടെയും.


രണ്ട് കുട്ടികളുടെ കഥയായല്ല ഇൗ ചിത്രത്തെ മനസ്സിലാക്കാൻ കഴിയുന്നത് മറിച്ച് ലോകത്തെ തന്നെ പ്രതിനിധാനം ചെയ്തിരിക്കുന്നതായാണ്. നമ്മുടെയൊക്കെ ജീവിതങ്ങളുമായി ഇഴചേർന്നു നിൽക്കുന്ന ഒരു അനുഭവം തന്നെയാണ് ഈ ഹ്രസ്വചിത്രം.


അംജദ് പി.എം.


ഈ കഥ തുടങ്ങുന്നത് കാറിൽ പോകുന്ന വീട്ടുകാരെ നോക്കിനിൽക്കുന്ന ഒരു കുട്ടിയിലൂടെയാണ്.

പിന്നീട് കഥ പോകുന്നത് സ്വാതന്ത്ര്യത്തെക്കുറിച്ച് പറഞ്ഞു കൊണ്ടാണ്. പണക്കാരനായ കുട്ടിയെയും പാവപ്പെട്ട കുട്ടിയെയും കാണിച്ചു തരുന്നു. പാവപ്പെട്ടകുട്ടി അവന്റെ സാധനങ്ങൾ ചെറിയ ചിരിയോടെ കാണിക്കുമ്പോൾ വലിയ വീട്ടിലെ കുട്ടി അവനെ കളിയാക്കുകയാണ് ചെയ്യുന്നത്. അവസാനം അവന് ഇല്ലാത്ത സാധനം വെറെ ഒരാൾക്കും വേണ്ട എന്ന രീതിയിൽ തോക്ക് ഉപയോഗിച്ച് നശിപ്പിക്കുകയും ചെയ്യുന്നു. തോക്ക് കൈയിൽ വച്ച് തിരിഞ്ഞിരിക്കുന്ന കുട്ടിയുടെ മുതലാളിത്തത്തെ എടുത്ത് കാണിച്ച് തരുകയാണ് രണ്ട് എന്ന സിനിമ. നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലെ വലിപ്പച്ചെറുപ്പങ്ങളെ കാണിച്ചുതരുവാൻ കഴിയുന്നു എന്നിടത്താണ് സിനിമ വ്യത്യസ്തമാകുന്നത്.


സൂരജ് ശശി


സമ്പന്ന സാഹചര്യത്തിലുള്ള ഒരു കുട്ടിയും പുറമ്പോക്കിൽ കഴിയുന്ന കുട്ടിയും തങ്ങളുടെ കയ്യിലുള്ള material pocessions പ്രദർശിപ്പിച്ച് ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നതിലൂടെയാണ് കഥ പറയുന്നത്.

വീട്ടിൽ ഒറ്റക്കാവുന്ന സമ്പന്ന കുടുംബത്തിലുള്ള കുട്ടി, വിരസത മാറ്റുവാൻ എന്നു തോന്നുംവിധം പല ഭൗതീക വസ്തുക്കളിലേക്കും പൊയ്ക്കൊണ്ടിരിക്കുന്നു.

തുടർന്ന് ഓടക്കുഴൽ വായിച്ചുകൊണ്ടിരുന്ന, ഒരു ദരിദ്രനായ കുട്ടിയെ കാണുന്നു.

കയ്യിലുള്ള കളിപ്പാട്ടങ്ങൾ ഓരോന്നായി അന്യോന്യം പ്രദർശിപ്പിക്കുന്നു. സമ്പന്നനയാ കുട്ടി ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ പുറത്തുള്ള കുട്ടി പട്ടം പറത്തുമ്പോൾ, പകരം അത് നശിപ്പിച്ച് കളയാൻ മാത്രമേ കഴിയുന്നുള്ളൂ.

സാമ്പത്തികമായി സാമൂഹികമായി രണ്ട് അറ്റങ്ങളിയുള്ളവരുടെ, സന്തോഷം , സ്വാതന്ത്ര്യം, സംതൃപ്തി തുടങ്ങിയ മാനസികാവസ്ഥകളും രണ്ടറ്റങ്ങളിലാവാമെന്ന് ഇതിലൂടെ കാണുവാൻ സാധിക്കും.

പട്ടം നശിപ്പിച്ച് അതിൽ സംതൃപ്തനായിരിക്കുമ്പോൾ വീണ്ടും ഓടക്കുഴലിന്റെ ശബ്ദം കേൾക്കുന്നതിനെ

തുടർന്ന് കുട്ടി തളർന്ന് പിൻവാങ്ങുന്നു. വീണ്ടും കേൾക്കുന്ന ഓടക്കഴലിന്റെ ശബ്ദം പുറത്തുള്ള കുട്ടിയുടെ സന്തോഷം അവനിൽതന്നെ ഭദ്രമാവുന്നുവെന്ന് സൂചിപ്പിക്കുന്നു. ദരിദ്രനായ കുട്ടിയെ വിശാലമായ പശ്ചാത്തലത്തിലും മറ്റെ കുട്ടിയെ ഇടുങ്ങിയ ജനലിനുള്ളിലുമാണ് കാണിക്കുന്നത്.

അതവരുടെ സംതൃപ്തിയെയും സ്വാതന്ത്ര്യത്തെയും സൂചിപ്പിക്കുന്നതാവാം.
78 views0 comments

Recent Posts

See All
bottom of page